കൽപറ്റ : ആശാ പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി. ആശാ വർക്കർമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയുണ്ടോ എന്ന് പാർലമെന്റിൽ പ്രിയങ്ക ഉന്നയിച്ച ചോദ്യത്തിന് ആശാ പ്രവർത്തനം സന്നദ്ധ പ്രവർത്തനം മാത്രമാണെന്ന കേന്ദ്രസർക്കാരിന്റെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അവർ.
ആശമാർ ഗ്രാമീണ ആരോഗ്യ വ്യവസ്ഥയുടെ നട്ടെല്ലാണെന്നും കോടിക്കണക്കിനു ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരാണെന്നും അവർ പറഞ്ഞു. വിപുലമായ ഉത്തരവാദിത്വങ്ങളും ദീർഘ സമയത്തെ പ്രവർത്തനവും അവരിൽ നിന്ന് ആവശ്യപ്പെടുമ്പോഴും പ്രധാനമന്ത്രി അവരെ തൊഴിലാളികളായി അംഗീകരിക്കാൻ തയാറാവുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ആഴ്ചയിൽ നാൽപ്പത് മണിക്കൂറിനു മേൽ ജോലി ചെയ്യുമ്പോഴും മിനിമം കൂലിക്ക് എത്രയോ താഴെ ലഭിക്കുന്ന ഓണറേറിയം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. അവർ കൂടുതൽ അംഗീകാരം അർഹിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.



