തിരുവനന്തപുരം: അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തലിനെ ബംഗളുരുവിൽ എത്തിച്ച സഹായികളും വാഹനവും പൊലീസ് കസ്റ്റഡിയിൽ. രാഹുൽ മാങ്കൂട്ടത്തലിന്റെ സഹായികളായ ഫസലും ആൽവിനുമാണ് പൊലീസ് കസ്റ്റഡിയിലായത്. ഹോണ്ട അമേസ് കാറിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ബംഗളുരുവിലെത്തിയത്. കസ്റ്റഡിയിലെടുത്ത സഹായികളേയും കാറും തിരുവനന്തപുരത്തേക്ക് എത്തിക്കും.
അതിജീവിത പരാതി നൽകിയതിന് പിന്നാലെ ചുവന്ന പോളോ കാറിൽ രക്ഷപ്പെട്ടു എന്നായിരുന്നു നിഗമനം. എന്നാൽ, ചുവന്ന പോളോ കാറിൽ യാത്ര ചെയ്ത രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎ രണ്ട് കിലോമീറ്റർ കഴിഞ്ഞതോടെ വാഹനം മാറി കയറുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടന്നു എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. രാഹുലിനെതിരെ പാർട്ടി നേതാക്കൾക്ക് പരാതി അയച്ച കേരളത്തിന് പുറത്തുള്ള പരാതിക്കാരിയും മൊഴി നൽകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൊഴി നൽകാൻ പരാതിക്കാരി സന്നദ്ധത അറിയിച്ചതിന് പിന്നാലെ അന്വേഷണസംഘം മൊഴിയെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.



