ന്യൂഡൽഹി: യാത്രക്കാർക്ക് ഇരുട്ടടിയായി വിമാനങ്ങൾ വ്യാപകമായി റദ്ദാക്കി ഇൻഡിഗോ. ഒറ്റ ദിവസം 550 വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. വ്യാഴാഴ്ചയാണ് ഇൻഡിഗോ ഇത്രയധികം വിമാനങ്ങൾ ഒറ്റയടിക്ക് റദ്ദാക്കിയത്. കമ്പനിയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ റദ്ദാക്കലായിരുന്നു ഇത്. ഇന്നും നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇതുമൂലം കൊച്ചി, ഹൈദരാബാദ് അടക്കമുള്ള വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.
ഇതുമൂലം രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളിൽ സൃഷ്ടിച്ചത് എക്കാലത്തേയും വലിയ പ്രതിസന്ധി. തുടർച്ചയായ മൂന്നാം ദിവസവും വിവിധ പ്രശ്നങ്ങൾ തുടർന്നതോടെയാണ് വിമാന കമ്പനി യാത്രക്കാർക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങൾ സാക്ഷിയായത്. ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി.



