കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധി നാളെ. എട്ട് വർഷം നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരങ്ങൾക്കും ഒടുവിലാണ് വിധി വരുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. ജസ്റ്റിസ് ഹണി എം. വർഗീസ് അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് വിധി പറയുക.
പ്രതിബന്ധങ്ങളും ഭീഷണികളും കൂറുമാറ്റങ്ങളും അനുബന്ധ കുറ്റകൃത്യങ്ങളും ഗൂഢാലോചനകളും അതിജീവിച്ച എട്ടു വർഷങ്ങളാണ് കടന്നുപോകുന്നത്. ഇന്ത്യയിലെതന്നെ സിനിമാ മേഖലയിൽ മുൻപ് കണ്ടിട്ടില്ലാത്ത വിധം കോളിളക്കങ്ങൾക്കും മാറ്റങ്ങൾക്കും സാക്ഷിയായ എട്ടു വർഷങ്ങൾ. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ ചലനം സൃഷ്ടിച്ച കേസാണിത്. ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും ഒരുപോലെ ആളുകൾ ചേരിതിരിഞ്ഞു. ഏറെ നിർണായകമായ സംഭവവികാസങ്ങൾ താണ്ടിയാണ് കേസ് വിധിയിലേക്ക് എത്തുന്നത്.



