കൊച്ചി: രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനാലാണ് കോടതിയുടെ നടപടി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. പൊലീസ് കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് രാഹുലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച കേസിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും തുടർച്ചയായി അതിജീവിതക്കെതിരെ രംഗത്തെത്തിയ രാഹുലിനെ നവംബർ 30നാണ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തിരുവനന്തപുരം എസിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ നിരാഹാര സമരം തുടങ്ങിയിരുന്നു. പിന്നീട് ഇത് പിൻവലിച്ചു.



