കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുളള ശിക്ഷാവിധി ഇന്ന്. പള്‍സര്‍ സുനിയടക്കം കൃത്യത്തില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്സി ഹണി എം. വര്‍ഗീസാണ് വിധി പറയുക. ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷാവിധിക്കൊപ്പം കേസിന്‍റെ വിശദമായ വിധിപ്രസ്താവം എന്താണെന്നറിയാനുളള കാത്തിരിപ്പാണിനി.
രാവിലെ 11 മണിയോടെയാണ് നടപടിക്രമങ്ങള്‍ ആരംഭിക്കുക. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്., രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പള്‍സര്‍ സുനി ഏഴര വര്‍ഷം റിമാന്‍ഡ് തടവുകാരന്‍ ആയിരുന്നു. മറ്റ് പ്രതികളും അഞ്ച് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞു.



