ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും റെക്കോർഡ് തകർച്ച. ഇതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം കുത്തനെ ഉയർന്നു. യു.എ.ഇ ദിർഹത്തിന്റെ മൂല്യം 24 രൂപ 67 പൈസയായി. ആദ്യമായാണ് ദിർഹത്തിന്റെ മൂല്യം 24 രൂപ 60 പൈസ പിന്നിടുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യതകർച്ചയാണ് ഇന്ത്യൻ രൂപ നേരിടുന്നത്. ഡോളറുമായുള്ള വിനിമയ നിരക്ക് ഈമാസം മൂന്നിന് 90 രൂപ കടന്നെങ്കിലും, പിന്നീട് നില മെച്ചപ്പെടുത്തി. ഈമാസം 10 വരെ 90 രൂപക്ക് താഴെ പിടിച്ചുനിന്ന രൂപ പിന്നീട് കൂപ്പ് കുത്തി. ഇന്ന് ഡോളറിന് 90 രൂപ 61 പൈസയായി മൂല്യം. ഇതനുസരിച്ച് എല്ലാ ഗൾഫ് കറൻസികളുടെയും വിനിമയ മൂല്യം കുത്തനെ ഉയർന്നു.
യു.എ.ഇ ദിർഹം 24 രൂപ 67 പൈസയിലെത്തിയപ്പോൾ, സൗദി റിയാൽ 24 രൂപ 14 പൈസയിലെത്തി. ഖത്തർ റിയാൽ 24 രൂപ 85 പൈസയായി. ഒമാനി റിയാൽ 235 രൂപ 55 പൈസയിലേക്കും ബഹ്റൈൻ ദീനാർ 240 രൂപ 26 പൈസയിലേക്കും കുതിച്ചു. ഏറ്റവും മൂല്യമേറിയ കറൻസിയായ കുവൈത്തി ദീനാർ 295 രൂപ 29 പൈസയിലേക്ക് ഉയർന്നു. ഇന്ത്യ-യു.എസ് വ്യാപാര കരാർ സംബന്ധിച്ച അനിശ്ചിതത്വത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ വിദേശമൂലധനം പിൻവലിക്കുന്നതാണ് രൂപക്ക് തിരിച്ചടിയാകുന്നത്. റിസർവ് ബാങ്കിന്റെയും സർക്കാറിന്റെയും അടിയന്തര ഇടപെടലുണ്ടാകുന്നില്ലെങ്കിൽ രൂപയുടെ മൂല്യം അടുത്ത ദിവസം ഇനിയും ഇടിയുമെന്നാണ് വിലയിരുത്തൽ.



