ന്യൂഡൽഹി : കോൺഗ്രസ് എംപിമാർക്കായി നടത്തിയ യോഗത്തിൽ മൂന്നാംവട്ടവും ശശി തരൂർ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണു യോഗം വിളിച്ചത്. തരൂരിന്റെ അസാന്നിധ്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. ചണ്ഡിഗഡ് എംപി മനീഷ് തിവാരിയും പങ്കെടുത്തില്ല.
കഴിഞ്ഞദിവസം കൊൽക്കത്തയിലെ പരിപാടിക്കു പോയ തരൂർ ഇന്നലെ ഡൽഹിയിലുണ്ടായിരുന്നില്ല. നവംബർ 30നു പാർട്ടി വിളിച്ച യോഗത്തിലും തരൂർ പങ്കെടുത്തിരുന്നില്ല. സമഗ്ര വോട്ടർ പട്ടിക (എസ്ഐആർ) പരിഷ്കരണവുമായി ബന്ധപ്പെട്ടു കോൺഗ്രസ് വിളിച്ച യോഗത്തിലും വിട്ടുനിന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരക്കിനെത്തുടർന്ന് ചില കേരള എംപിമാരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. വ്ലാഡിമിർ പുട്ടിന്റെ സന്ദർശനവേളയിൽ രാഷ്ട്രപതി വിളിച്ച അത്താഴവിരുന്നിൽ അടക്കം തരൂരിന്റെ സാന്നിധ്യം വലിയ ചർച്ചയായിരുന്നു.



