തിരുവനന്തപുരം : യുഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിജയത്തിന്റെ ക്രെഡിറ്റ് ടീം യുഡിഎഫിനാണ്. ജനങ്ങള്‍ വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. സിപിഎം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവായത് ബിജെപിയാണ്. ക്ഷേമ പെന്‍ഷന്‍ വാങ്ങി ശാപ്പാട് കഴിച്ചവര്‍ ഞങ്ങള്‍ക്കിട്ട് വച്ചെന്ന എം.എം മണിയുടെ ആക്ഷേപം സിപിഎം നേതാക്കളുടെ മനസിലിരിപ്പാണ്. തദ്ദേശ വിജയത്തിലൂടെ ജനങ്ങള്‍ യുഡിഎഫിനു നല്‍കിയത് നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ശക്തിയാണ്. കേരളത്തില്‍ വലിയൊരു മാറ്റമുണ്ടാക്കുന്ന ബദല്‍ പദ്ധതിയുമായി യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും സതീശൻ പറഞ്ഞു.
സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തതാണ് എല്‍ഡിഎഫ് പരാജയത്തിന്റെ പ്രധാന കാരണം. എല്ലാ സര്‍ക്കാരുകളോടും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. സിപിഎമ്മിന്റെ വര്‍ഗീയ നിലപാടുകളും അവരുടെ തോല്‍വിക്ക് കാരണമായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയതയും അതു കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുമായിരുന്നു എല്‍ഡിഎഫിന്. പിണറായി വിജയന്‍ കൊണ്ടു നടന്ന പലരും വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ അതേ അജൻഡയാണ് സിപിഎം ചെയ്തത്. ബിജെപി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച അതേ പാതയില്‍ സിപിഎമ്മും സഞ്ചരിച്ചു. ഇന്ന് ബിജെപിക്ക് തിരുവനന്തപുരം ഉള്‍പ്പെടെ നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു കാരണം സിപിഎം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ്. അതിന്റെ ഗുണഭോക്താവ് സിപിഎമ്മല്ല, ബിജെപിയായിരുന്നു. ഇതേക്കുറിച്ച് യുഡിഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
സര്‍ക്കാരിനെതിരായ ജനവികാരത്തിനൊപ്പം യുഡിഎഫ് നേതാക്കളും ലക്ഷക്കണക്കിന് പ്രവര്‍ത്തകരും ആവേശത്തോടെ നടത്തിയ തയാറെടുപ്പും മുന്നൊരുക്കങ്ങളും ഈ വിജയത്തിന് കാരണമാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സീറ്റ് ഇരട്ടിയാക്കി. സിപിഎം നേതാക്കളാണ് ഡീലിമിറ്റേഷനിലും വോട്ടര്‍പട്ടികയിലും ക്രമക്കേട് കാട്ടിയത്. സംസ്ഥാനത്ത് ഉടനീളെ ഇത് ചെയ്തു. തിരുവനന്തപുരത്ത് ബിജെപിക്ക് ജയിക്കാനുള്ള വഴിയൊരുക്കിക്കൊടുത്തത് സിപിഎമ്മാണ്. തുടര്‍ച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തോറ്റതിനു ശേഷമുള്ള യുഡിഎഫിന്റെ തിരിച്ചുവരവാണ്. മുന്നണിയില്‍ ഉണ്ടായ കക്ഷി അപ്പുറത്തേക്ക് പോയിട്ടും കോട്ടയത്ത് വന്‍മുന്നേറ്റമുണ്ടാക്കി. എറണാകുളം, മലപ്പുറം ജില്ലകളില്‍ എതിരാളികളെ കാണാന്‍ പോലുമില്ല. ഒരു കക്ഷികളെയും ചെറുതായി കാണുന്നില്ല. ജയിക്കുമ്പോള്‍ ആരെയും ചെറുതായി കാണുകയോ അഹങ്കാരം പറയുകയോ ചെയ്യില്ല. തോല്‍ക്കുമ്പോള്‍ സിപിഎമ്മിനെ പോലെ ചീത്തയും വിളിക്കില്ല. തോല്‍വി മാത്രം പഠിച്ചാല്‍ പോര, വിജയവും പഠിക്കണം. ഈ വിജയത്തെ കുറിച്ചും വിശദമായി പഠിക്കും.



