Tuesday, December 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഷാജി ബേബി ജോൺ അന്തരിച്ചു

ഷാജി ബേബി ജോൺ അന്തരിച്ചു

കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനിയായ കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്‌സ് ചെയർമാനും എംഡിയുമായ ഷാജി ബേബി ജോൺ (65) അന്തരിച്ചു.മുൻമന്ത്രി ബേബി ജോണിൻ്റെ മകനും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിൻ്റെ ജേഷ്ഠ സഹോദരനുമാണ്.

ഭൗതികശരീരം ഇന്ന് (16.12.2025) രാവിലെ 9 മണിക്ക് കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള കുടുംബ വീട്ടിലും ഉച്ചയ്ക്ക് 2.30 മുതൽ നീണ്ടകര വയലിൽ വീട്ടിലെയും പൊതുദർശനത്തിനു ശേഷം 3.30 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതായിരിക്കും.

ഭാര്യ : റീത്ത
മക്കൾ : ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ

രാജ്യത്ത് അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് ഷാജി ബേബിജോൺ.ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയിലും മത്സ്യകൃഷി വ്യവസായത്തിലും അസാധാരണമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. ഇന്ത്യൻ സമുദ്രോത്പന്ന ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു പയനിയർ ശക്തിയും ദീർഘവീക്ഷണമുള്ള നേതാവുമായി ഷാജി ബേബി ജോൺ പരക്കെ കണക്കാക്കപ്പെടുന്നു. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുമായും (എംപിഇഡിഎ) നിരവധി സർക്കാർ, വ്യവസായ സ്ഥാപനങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നതിലൂടെ, നയരൂപീകരണം, അടിസ്ഥാന സൗകര്യ വികസനം, സമുദ്രോത്പന്ന കയറ്റുമതിയിൽ ഇന്ത്യയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തൽ എന്നിവയിൽ അദ്ദേഹം ഗണ്യമായ സംഭാവന നൽകി. അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ സമുദ്രോത്പന്നങ്ങളെ മത്സരാധിഷ്ഠിതമായി സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായിച്ചു.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, പ്രസിഡന്റ് ബാബു സ്റ്റീഫൻ, സെക്രട്ടറി ജനറൽ ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ഷാജി ബേബി ജോൺ കൊച്ചിയിൽ സംഘടിപ്പിച്ച, കേരള മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത വേൾഡ് മലയാളി കൗൺസിൽ ആഗോള ബിസിനസ് സംഗമം അവിസ്മരണീയമായ ഓർമ്മകളായി നിലകൊള്ളുന്നുവെന്ന് അനുശോചന സന്ദേശത്തിൽ അവർ അനുസ്മരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments