തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ആശ്വാസം. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി ഉദ്യോഗസ്ഥർ എന്നിവർക്ക് ഇഡി നോട്ടീസ് അയച്ചിരുന്നത്.
ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയായിരുന്നു മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി ഉദ്യോഗസ്ഥർ എന്നിവർക്ക് നോട്ടീസ് അയച്ചത്. ഫെമ നിയമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി അഡ്ജുഡികേറ്റിംഗ് അതോറിറ്റിക്ക് ഇഡി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മസാല ബോണ്ട് വഴി കണ്ടെത്തിയ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഉപയോഗിച്ചത് ചട്ടലംഘനം എന്നാണ് കണ്ടെത്തൽ.
2019ൽ 9.72 പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17 മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ബോണ്ട് നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.



