ഒരു മാസം നീണ്ടുനില്‍ക്കുന്ന മസ്‌കത്ത് നൈറ്റ്സിന് ജനുവരി ഒന്നിന് തുടക്കമാകും. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുക. മസ്‌കത്തിന്റെ അഭിമാന ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. രണ്ട് ദശലക്ഷം സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ശൈത്യകാലത്തിന്റെ ശോഭ ഒട്ടും കുറയാതെ വിനോദം, സംസ്‌കാരം, കായികം എല്ലാം ഒത്തുചേരുന്ന ഒരു ഏകീകൃത നഗരമാക്കി ഒമാനെ മാറ്റുകയാണ് മസ്‌ക്കത്ത് നൈറ്റ്സിലൂടെ ലക്ഷ്യമിടുന്നത്. കോറം, അല്‍ അമറാത്ത്, ഒമാന്‍ ഓട്ടോമൊബൈല്‍ ക്ലബ്, റോയല്‍ ഓപ്പറ ഹൗസ്, സീബ് ബീച്ച്, ഖുറയ്യത്ത്, വാദി അല്‍ഖൂദ്, എന്നീ പൊതു ഇടങ്ങള്‍ക്ക് പുറമെ പ്രധാന ഷോപ്പിങ് മാളുകളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. കോറം നാച്ചുറല്‍ പാര്‍ക്കിലെ തടാകത്തില്‍ കലയും സാങ്കേതികവിദ്യയും കൂടി കലര്‍ന്ന നൂതന ദൃശ്യാനുഭവമായിരിക്കും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക.



