കൊച്ചി: മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ അതൃപ്തിയുമായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മേയർ തിരഞ്ഞെടുപ്പിൽ പാർട്ടി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് അവർ കെപിസിസി പ്രസിഡന്റിനെ അറിയിച്ചു. മേയറെ തിരഞ്ഞെടുത്ത വിവരം ആരും തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു. മേയറെ കണ്ടെത്താൻ ഇന്ന് കോർ കമ്മിറ്റി കൂടിയിട്ടില്ല. ഞാൻ ഉൾപ്പെട്ട കോർ കമ്മിറ്റി കൂടി തീരുമാനിക്കാം എന്നാണ് നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നത്. മേയറെ കണ്ടെത്താൻ നിരീക്ഷകരും ഉണ്ടായിരുന്നില്ല. മേയർ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകളുണ്ടെങ്കിൽ കെപിസിസിക്കു വിടണം എന്ന നിർദേശവും പാലിച്ചില്ല. മേയറെ കണ്ടെത്താൻ വോട്ടിങ് ഉണ്ടായില്ല.
കെപിസിസി നേതാക്കൾ മത്സരിച്ചാൽ അവർക്ക് മേയർ സ്ഥാനത്തേക്ക് പ്രാധാന്യം നൽകണമെന്ന് കെപിസിസി സർക്കുലറിൽ പറഞ്ഞിരുന്നു. അതും പാലിക്കപ്പെട്ടില്ല. ഇതിനെല്ലാം മറുപടി പറയേണ്ടത് തീരുമാനമെടുത്ത ആളുകളാണ്. മേയർ സ്ഥാനം ലഭിക്കാത്തതിൽ പരിഭവം ഇല്ല. മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് കെപിസിസി പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ട്. 16 വയസ്സു മുതൽ 51 വയസ്സുവരെ പാർട്ടിയിൽ പ്രവർത്തിക്കുക എന്നു പറഞ്ഞാൽ നിസ്സാരമല്ല.



