Thursday, December 25, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണോ?: ശബരിമല സ്വർണ്ണക്കൊള്ളയിൽ വിമർശനവുമായി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണോ?: ശബരിമല സ്വർണ്ണക്കൊള്ളയിൽ വിമർശനവുമായി രമേശ് ചെന്നിത്തല

കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളയിൽ യഥാർത്ഥ പ്രതികളെ മുന്നിൽ കൊണ്ടുവരണമെന്നും സിപിഐഎം നേതാക്കൾ ജയിലിൽ കിടക്കുമ്പോഴാണ് സ്വർണ്ണക്കൊള്ളയിൽ കോൺഗ്രസ് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണോയെന്നും കേസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

“അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘം ഇതിന് പിന്നിലുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് താൻ ആവശ്യപ്പെട്ടത്. സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ എ പത്മകുമാറിന്റെയും വാസുവിന്റെയും പേരിൽ പാർട്ടി നടപടി എടുക്കാത്തതിൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. മറച്ചുപിടിക്കാൻ ചിലതെല്ലാം ഉള്ളതുകൊണ്ടാണ് രണ്ടുപേരെയും പാർട്ടി സംരക്ഷിക്കുന്നത്. കൂടുതൽ ഉന്നതരുടെ പേര് അവർ പുറത്തുപറയുമെന്ന പേടിയാണ് മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും. സത്യം പുറത്തുവരണ’മെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പുരാവസ്തു കടത്ത് സംഘത്തിന്റെ ഇടപാട് അന്വേഷിക്കണം. പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പടെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ മുതലുകൾ മോഷണം പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എൻ വാസു ദേവസ്വം പ്രസിഡന്റായിരുന്ന കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കൾ മുഴുവൻ ലേലം ചെയ്യാൻ തീരുമാനിച്ചത്. അന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അതിനെ ഞാൻ എതിർത്തു. അന്ന് ഞാനത് എതിർത്തില്ലായിരുന്നെങ്കിൽ ഇത് മുഴുവൻ അടിച്ചുമാറ്റിപോയേനെ. കടകംപള്ളി സുരേന്ദ്രൻ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന അന്ന് തുടങ്ങിയതാണ് പുരാവസ്തുക്കളിലെ ഇവരുടെ കണ്ണുവെക്കൽ. അതിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

‘സോണിയ ഗാന്ധിയുടെ അടുക്കൽ ഉണ്ണികൃഷ്ണൻപോറ്റി എത്തണമെങ്കിൽ അതിന് പിന്നിൽ എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. അങ്ങനെയെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അടുക്കലെത്തി ചെവിയിൽ പോറ്റി എന്തിന് സംസാരിച്ചു. അതിന്റെ അർത്ഥമെന്താണ്. സോണിയ ഗാന്ധിക്ക് പോറ്റി ആരാണെന്ന് തിരിച്ചറിഞ്ഞു കാണില്ല. സോണിയയുടെ അടുത്തേക്ക് പോറ്റിയെ കൊണ്ടുപോയവർക്ക് ഉത്തവാദിത്തം ഉണ്ട്. കൊണ്ടു പോയവർക്ക് അയാളെ കുറിച്ച് അറിയാതിരുന്നത് കൊണ്ടാകാം കൊണ്ടുപോയത്. മുഖ്യമന്ത്രി ഇത്തരം ബാലിശമായ കാര്യങ്ങൾ പറയരുത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പോലും അടുത്ത്‌നിന്ന് ചെവിയിൽ സംസാരിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയോടാണ് പോറ്റി സംസാരിച്ച’തെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം പാലക്കാട്ടെ കരോൾ സംഘത്തിന് നേരെയുള്ള ആക്രമണത്തിൽ അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധതയോ ശബരിമലയോ ഏശിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ജനങ്ങൾക്കാണ് തെറ്റുപറ്റിയത് അവർ അത് തിരുത്തിക്കോണമെന്നാണ് അവരുടെ നിലപാട്. മൂന്ന് മാസം കൂടി കാത്തുനിന്നാൽ മതി ജനം അത് തിരുത്തിക്കോളുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments