കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിന്. ഒരാഴ്ചയിലധികം നടന്ന ചർച്ചക്കൊടുവിലാണ് കുടുംബം ഇന്ന് അന്തിമ തീരുമാനത്തിലെത്തിയത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിച്ചതോടെയാണ് അനുകൂല തീരുമാനം. 21കാരിയായ ദിയ ബിനു പുളിക്കകണ്ടം ആദ്യ ടേമിൽ അധ്യക്ഷയാകും. കോൺഗ്രസ് വിമതയായ മായ രാഹുൽ ഉപാധ്യക്ഷയാകും.
നഗരസഭയിൽ സ്വതന്ത്രർ യുഡിഎഫിനൊപ്പം നിൽക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുളിക്കാക്കണ്ടം കുടുംബം വിളിച്ച ജനസഭയിൽ യുഡിഎഫിന്റെ ഭാഗമാകണമെന്ന് ഭൂരിപക്ഷം വോട്ടർമാരും അഭിപ്രായപ്പെട്ടിരുന്നു. തീരുമാനം ഏകകണ്ഠമായാണെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. മാണി സി.കാപ്പൻ എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.



