തിരുവനന്തപുരം: സാഹിത്യ- കലാ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം സാഹിത്യകാരൻ എൻഎസ് മാധവന്. ഒരു ലക്ഷം രൂപയും ശിൽപ്പവുമാണ് പുരസ്കാരം. ജനുവരി 7ന്, KLIBF 4th എഡിഷന്റെ ഉദ്ഘാടനവേദിയിൽ വച്ച് അദ്ദേഹത്തിന് മുഖ്യമന്ത്രി പുരസ്കാരം സമർപ്പിക്കും.
ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻഎസ് മാധവന്, മലയാള ചെറുകഥാസാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. ലന്തൻ ബത്തേരിയിലെ ലുത്തിയിനകൾ എന്ന ഒറ്റ നോവൽ കൊണ്ട്, നോവൽ സാഹിത്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഹിഗ്വിറ്റ’, ‘തിരുത്ത്’, ‘ചുളൈമേടിലെ ശവങ്ങൾ’, ‘വൻമരങ്ങൾ വീഴുമ്പോൾ’, ‘പഞ്ചകന്യകകൾ’, ‘ഭീമച്ചൻ’ തുടങ്ങിയ ശ്രദ്ധേയമായ കഥകളിലൂടെ മലയാള ചെറുകഥയ്ക്ക് പുത്തനുണർവ്വ് സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്ന അദ്ദേഹം, കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സാഹിത്യകൃതികൾ കൊണ്ടും നിലപാടുകൾ കൊണ്ടും ഇന്ത്യൻ സാഹിത്യത്തിലെ തന്നെ ശ്രദ്ധേയനായ എഴുത്തുകാരനാണ് എൻ എസ് മാധവൻ .



