മുംബൈ: ജഡ്ജിയെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മുംബൈ സ്വദേശിയായ 68കാരിയെ ഭീഷണിപ്പെടുത്തി 3.71 കോടി രൂപ തട്ടിയെടുത്തു. തെക്കൻ മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിലെയും കേന്ദ്ര അന്വേഷണ ഏജൻസികളിലെയും ഉദ്യോഗസ്ഥരായി വ്യാജമായി നടിച്ച് സൈബര്‍ കുറ്റവാളികള്‍ വ്യാജ ഓണ്‍ലൈന്‍ കോടതി വിചാരണയും നടത്തി. ജസ്റ്റിസ് ചന്ദ്രചൂഡ് എന്ന പേരിലാണ് വിഡിയോ കോളിലൂടെ വിചാരണ സംഘടിപ്പിച്ചത്.
പരാതിക്കാരി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിജിറ്റൽ അറസ്റ്റിലാണെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ഈ വർഷം ആഗസ്റ്റ് 18നും ഒക്ടോബർ 13നും ഇടയിലായിരുന്നു തട്ടിപ്പ്. ആഗസ്റ്റ് 18ന് കൊളാബ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് അവകാശപ്പെട്ട് പരാതിക്കാരിക്ക് ഫോൺ കോൾ ലഭിച്ചു. അവരുടെ ബാങ്ക് അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും, അന്വേഷണം സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്നും അറിയിച്ചു. മാത്രമല്ല, ഈ വിവരം ആരോടും പറയരുതെന്നും അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു.



