കോട്ടയം: മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്‌നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്.
ലോട്ടറി തൊഴിലാളിയായിരുന്നു തങ്കരാജ്. ഡിസംബർ 24നായിരുന്നു വൈകിട്ടായിരുന്നു അപകടം. നടൻ ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. നാട്ടകം കോളജ് കവലയിലായിരുന്നു അപകടം.
അപകടത്തെ തുടർന്ന് തന്നെ ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും സിദ്ധാർഥ് ആക്രമിച്ചിരുന്നു. ഒടുവിൽ ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർഥ് പ്രഭു ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപ്പനക്കാരനെ ഇടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ സിദ്ധാർഥും നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. സിദ്ധാർഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.



