വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുളള ടൗൺഷിപ്പ് നിർമ്മാണ പുരോഗതിയെക്കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതർക്കായുളള മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും. കൽപറ്റയിൽ ടൗൺഷിപ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നുവെന്നും 207 വീടുകളുടെ വാർപ്പ് പൂർത്തിയായിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ പുതുവർഷം ഒരു മഹാദുരന്തമുഖത്ത് നിന്നും സംസ്ഥാനം കരകയറി വരുന്ന സമയമായിരുന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025 ലേക്ക് കേരളം കടന്നത്.
ലോകമെമ്പാടുമുള്ള മലയാളികൾ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേർന്നു നിന്നത്. 2026ലേക്ക് കടക്കുന്നത് മറ്റൊരനുഭവവുമായാണ്. ആ ജനതയെ ചേർത്തുപിടിച്ച് അവർക്ക് ഏറ്റവും നല്ലനിലയിൽ വാസസ്ഥലങ്ങൾ ഒരുക്കാൻ കഴിയുന്നതിൻറെ ചാരിതാർഥ്യത്തിലാണ് ഇന്ന് ഓരോ മലയാളിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ്.. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ. 35 ക്ലസ്റ്ററുകളിലായാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.



