ചെന്നൈ: 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ അധികാരത്തിലേറുമെന്നും എം.കെ. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ചെന്നൈ ലയോള കോളജ് പൂർവ വിദ്യാർഥി സംഘടന നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലം. മുഖ്യമന്ത്രി സ്ഥാനാർഥിക്കായുള്ള വോട്ടെടുപ്പിൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിയെ പിന്നിലാക്കി വിജയ് രണ്ടാം സ്ഥാനത്തെത്തിയതായും സർവേ റിപ്പോർട്ടിൽ പറയുന്നു.
ഡി.എം.കെ സഖ്യം, അണ്ണാ ഡി.എം.കെ സഖ്യം, ടി.വി.കെ മുന്നണി, നാം തമിഴർ കക്ഷി എന്നിവ തമ്മിലുള്ള ചതുഷ്കോണ മത്സരം നടക്കുമെന്നാണ് കരുതപ്പെടുന്നത്. 234 നിയമസഭ മണ്ഡലങ്ങളിലെ 81,375 പേരുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ് സർവേ ഫലം. നഗരങ്ങളിലെ 54.8 ശതമാനം പേരും മറ്റിടങ്ങളിലെ 45.2 ശതമാനം പേരുമാണ് സർവേയിൽ പങ്കെടുത്തത്.



