നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങി കോൺഗ്രസ്. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഉടൻ ആരംഭിക്കും. മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളുമായാണ് സീറ്റ് വിഭജന ചർച്ച നടത്തുന്നത്. കഴിഞ്ഞതവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടേക്കും.
ചില സീറ്റുകൾ വെച്ചു മാറണമെന്ന് ആർഎസ്പി ഉൾപ്പെടെയുള്ള പാർട്ടികളും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ എല്ലാം ചർച്ചയിലൂടെ പരിഹാരം കണ്ടെത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. നിശ്ചയദാർഢ്യവും കഠിനാധ്വാനവും ആത്മ വിശ്വാസമാക്കി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് ലക്ഷ്യ 2026 നേതൃസംഗമത്തിലെ തീരുമാനം. യുഡിഎഫ് വെറും ഒരു മുന്നണിയല്ല,അധികാരം പിടിക്കാൻ പോകുന്ന മുന്നണിയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം.
ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുക ലക്ഷ്യമിട്ടുള്ള നടപടികളും കോൺഗ്രസിൽ ആരംഭിച്ചിട്ടുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി ഈ മാസം 12 , 13 തീയതികളിൽ കേരളത്തിൽ എത്തും. സിറ്റിംഗ് എംഎൽഎമാർ അടങ്ങുന്ന പട്ടികയായിരിക്കും ആദ്യം പ്രഖ്യാപിക്കുക. നിലവിലുള്ള എംഎൽഎമാരിൽ സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിക്കുന്ന ഐ.സി ബാലകൃഷ്ണൻ, തൃപ്പൂണിത്തുറയെ പ്രതികരിക്കുന്ന കെ ബാബു എന്നിവർക്ക് സീറ്റ് ലഭിക്കാൻ സാധ്യതയില്ല.



