പാലക്കാട് : ആറാം ക്ലാസുകാരനെ മദ്യം നൽകി പീഡനത്തിനിരയാക്കിയ അധ്യാപകനെ അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. എഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊല്ലങ്കോട് സ്വദേശിയായ അധ്യാപകൻ അനിലിനെ (31) സസ്പെൻഡ് ചെയ്തത്. സംഭവം പുറത്തറിഞ്ഞ ശേഷം അധ്യാപകൻ രാജിവച്ചിരുന്നു. എന്നാൽ താൻ സ്വമേധയാ രാജിവച്ചതല്ലെന്നും നിർബന്ധിച്ച് രാജിവപ്പിച്ചതാണെന്നും അധ്യാപകൻ പിന്നീട് പറഞ്ഞിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം എഇഒ ഇന്നലെ സസ്പെൻഷൻ ഉത്തരവിറക്കിയത്.
സംഭവം പൊലീസിലും ചൈൽഡ് ലൈനിലും റിപ്പോർട്ട് ചെയ്യാതെ വീഴ്ച വരുത്തിയ സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ നൽകി. സംഭവം കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതിനെതിരെ സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നൽകി. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണം. തൃപ്തികരമല്ലെങ്കിൽ ഇവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് എഇഒ പറഞ്ഞു.
നവംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ കായിക മത്സരത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അധ്യാപകൻ വിരുന്നൊരുക്കിയിരുന്നു. ഇതിൽ എത്താതിരുന്ന കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം സഹപാഠിയോട് പറഞ്ഞതോടെയാണു പുറത്തറിഞ്ഞത്. എസ്‌സി വിഭാഗത്തിൽപ്പെട്ട 12 വയസ്സുകാരനാണു പീഡനത്തിനരയായത്. സ്കൂൾ മാനേജ്മെന്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പരാതി നൽകി.



