തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയും. ഓഫീസ് മാറാൻ ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഒഴിയാനാണ് തീരുമാനം. കൂടുതൽ വിവാദങ്ങൾക്ക് താത്പര്യമില്ലെന്ന് വി.കെ പ്രശാന്ത് പറഞ്ഞു. മരുതംകുഴിയിലാണ് എംഎൽഎയുടെ പുതിയ ഓഫീസ് പ്രവർത്തിക്കുക.
ഓഫീസ് ഒഴിയണമെന്ന കൗൺസിലർ ആർ.ശ്രീലേഖയുടെ ആവശ്യത്തെചൊല്ലി രാഷ്ട്രീയപ്പോര് ഉടലെടുത്തിരുന്നു. തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് ഒഴിയണമെന്നാണ് ശാസ്തമംഗലം കൗൺസിലറായ ആർ. ശ്രീലേഖ ആവശ്യപ്പെട്ടത്. ഫോണിലൂടെയാണ് കൗൺസിലർ, സ്ഥലം എംഎൽഎ വി.കെ. പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നായിരുന്നു ആവശ്യം. ഇതേ കെട്ടിടത്തിലാണ് മുൻ കൗൺസിലറിനും ഓഫിസുണ്ടായിരുന്നത്. എന്നാൽ ഈ മുറി ചെറുതാണെന്നും എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന മുറി തനിക്കു വേണമെന്നുമാണ് ശ്രീലേഖ നേരിട്ട് പ്രശാന്തിനെ വിളിച്ച് അറിയിച്ചത്. ഉത്തരേന്ത്യയിലെ ബുൾഡോസർ രാജ് പോലെയുള്ള വേരൊരു മാതൃകയാണെന്നും പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും വി.കെ പ്രശാന്ത് പറഞ്ഞിരുന്നു.



