കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ വിധി പൂർണമായും അംഗീകരിക്കാനാവില്ലെന്നും ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം.
പ്രതികൾക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. ദിലീപിനെതിരെയുള്ള നിർണായകമായ തെളിവുകൾ വിചാരണ കോടതി പരിഗണിക്കാതെ തള്ളിക്കളഞ്ഞത് നിയമപരമായി നിലനിൽക്കില്ലെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. നീണ്ട വിധിന്യായത്തിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള അനാവശ്യ ന്യായീകരണങ്ങൾ കോടതി ഉൾപ്പെടുത്തിയെന്നും നീതി ഉറപ്പാക്കാൻ മേൽക്കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.



