കോഴിക്കോട്: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതിനുശേഷം ഫെയ്സ് ബുക്ക് ലൈവിലൂടെ പ്രതികരിച്ച് മുൻ എംഎൽഎ പി.വി. അൻവർ. കേരള സർക്കാരെടുക്കുന്ന കള്ളക്കേസുകൾക്കെതിരേ കോടതിയിൽ പോരാട്ടം തുടരുമെന്നും പിണറായിസത്തെ അവസാനിപ്പിക്കാൻ ടീം യുഡിഎഫിനൊപ്പം ജീവനോടെ ഉണ്ടെങ്കിൽ മുന്നിൽത്തന്നെ ഉണ്ടാകുമെന്നും അൻവർ പറഞ്ഞു.
ഇഡിയുടെ ചോദ്യംചെയ്യലിൽ കൃത്യമായ ഉത്തരം നൽകാനും തന്റെ ഭാഗം വിശദീകരിക്കാനും സാധിച്ചുണ്ടെന്നും അവർ ആ കാര്യങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരേ വിജിലൻസ് കള്ളക്കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണെന്നാണ് വിശ്വസിക്കുന്നതെന്നും അൻവർ ആരോപിച്ചു.



