കൊച്ചി : സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കും വനിതകൾക്കുമായി മാറ്റിവയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്. ഇതിൽ 30 ശതമാനം സീറ്റുകൾ യൂത്ത് കോൺഗ്രസിനു നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഇന്ന് എറണാകുളത്ത് നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു. എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് തെരുവിൽ നടത്തിയ പോരാട്ടങ്ങളാണ് യുഡിഎഫിനു തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയം എന്നോർക്കണമെന്നും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
അനിവാര്യരായവരൊഴികെ സ്ഥിരം മുഖങ്ങളെ മത്സര രംഗത്തു നിന്ന് മാറ്റി നിർത്തി, പുതുമുഖങ്ങൾക്കും യൂത്ത് കോൺഗ്രസിനും അവസരം നൽകണമെന്നും 50 വയസ്സ് പിന്നിട്ടവരെപോലും പുതുമുഖമായും യൂത്ത് കോൺഗ്രസായും അവതരിപ്പിക്കാനാണ് ശ്രമമെങ്കിൽ ആ പ്രവണത തിരുത്തണമെന്നും പ്രമേയം കെപിസിസിയോട് ആവശ്യപ്പെട്ടു. ദുർബല, പിന്നാക്ക, ന്യൂനപക്ഷങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകുകയും അവരുടെ ശബ്ദം നിയമസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പാക്കുകയും വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു.



