തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരര് വീണ്ടും ജയിലിലേക്ക്. പരിശോധന ഫലങ്ങൾ സാധാരണ സ്ഥിതിയിലായതോടെയാണ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തന്ത്രിയെ ഡിസ്ചാർജ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് തന്ത്രി ആശുപത്രി വിട്ടത്. പൂജപ്പുര സബ്ജയിലിലേക്കാണ് തന്ത്രിയെ മാറ്റിയിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ചയാണ് കണ്ഠരര് രാജീവരരെ മെഡിക്കൽ കോളജിലെ എംഐസിയു 1 ൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ സാഹചര്യത്തിൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിക്കാഞ്ഞത്. പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർധനൻ, പത്മകുമാർ എന്നിവരെ ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് എസ്‌ഐടി നീക്കം.ഇന്നലെ തന്ത്രിയുടെ വീട്ടിൽ എസ്‌ഐടി നടത്തിയ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന.



