തിരുവനന്തപുരം: പത്തനംതിട്ടയിലെ ഹോട്ടൽ മുറിയിൽ അതിജീവിതയ്ക്കൊപ്പം മുറിയിൽ എത്തിയിരുന്നുവെന്ന് സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബലാത്സംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രാഹുൽ അന്വേഷണ സംഘത്തിന് മറുപടി നൽകിയില്ല. രാഹുലിനെ രാവിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പാലക്കാടേക്ക് തെളിവെടുപ്പിനായി രാഹുലിനെ കൊണ്ടുപോകില്ല. ഇന്ന് വിശദമായി രാഹുലിനെ ചോദ്യംചെയ്ത ശേഷം നാളെ കോടതിയിൽ ഹാജരാക്കും.
പരാതിക്കാരിയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 20 മിനിറ്റ് മാത്രമായിരുന്നു ഇവിടെ തെളിവെടുപ്പ്. ഹോട്ടലിലെ രണ്ടാമത്തെ നിലയിലെ മുറിയിലായിരുന്നു തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ രാഹുൽ തയാറായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും രാഹുൽ പ്രതികരിച്ചില്ല.



