തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാമത്തെ കേസില്‍ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ദ്വാരപാലക കേസിലാണ് തന്ത്രി രാജീവരര് കണ്ഠരരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ, കട്ടിളപ്പാളികള്‍ കൊണ്ടുപോയ കേസില്‍ തന്ത്രിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, ദ്വാരപാലക ശില്‍പം കൊണ്ടുപോയി അതില്‍ നിന്ന് സ്വര്‍ണം ഉരുക്കി കവര്‍ന്ന കേസിലാണ് ഇന്ന് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യകേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ രണ്ടാമത്തെ കേസിലും പ്രതിയാക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ കണ്ഠരര് രാജീവരര് ഒത്താശ ചെയ്‌തെന്നാണ് ആദ്യകേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. താന്ത്രിക വിധികള്‍ ലംഘിച്ചാണ് പോറ്റിക്ക് തന്ത്രി ഒത്താശ ചെയ്തതെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. തന്ത്രിയും പോറ്റിയും തമ്മില്‍ 2007 മുതല്‍ ബന്ധമുണ്ട്. ഇരുവരും തമ്മില്‍ നിരവധി തവണ സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെയും തെളിവുകള്‍ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്.
പത്മകുമാറിന്റെയും ഗോവര്‍ദ്ധനന്റെയും മൊഴികളാണ് രാജീവരരുടെ അറസ്റ്റിലേക്ക് നയിച്ചത്. മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്.



