തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പി.പി ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു പി.പി ദിവ്യ. ഇന്ന് ചേര്‍ന്ന മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് നടപടി സ്വീകരിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാലാണ് നടപടി.
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ മരണം. തുടര്‍ന്ന് സിപിഎം പാര്‍ട്ടി പ്രതിരോധത്തിലാവുകയും ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമടക്കം നഷ്ടമാവുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ ആരോപണം ശക്തമായതോടെ പാര്‍ട്ടി വെട്ടിലായിരുന്നു. ഇതിന് പിന്നാലെ ഏതാനും ദിവസം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു.



