രമ്യാ ഹരിദാസിനെ തിരുവനന്തപുരം ജില്ലയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. രമ്യയെ ‘കെട്ടിയിറക്കിയാല്‍’ സഹകരിക്കില്ലെന്ന് ജില്ലയിലെ ദലിത് കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്‍റിനെ അറിയിച്ചു. തിരുവനന്തപുരത്തേക്ക് വരരുതെന്ന് രമ്യയോടും നേതാക്കള്‍ നേരിട്ട് പറഞ്ഞു. തീരുമാനമെടുത്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കാതിരിക്കാന്‍ ആകുമോയെന്ന് രമ്യ ഹരിദാസും പ്രതികരിച്ചു.
ചേലക്കരയില്‍ തോറ്റ രമ്യ ഹരിദാസിനെ തലസ്ഥാന ജില്ലയില്‍ പരീക്ഷിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ജില്ലയിലെ സംവരണ മണ്ഡലങ്ങളാണ് ചിറയിന്‍കീഴും ആറ്റിങ്ങലും. ഇതില്‍ ജയസാധ്യത കൂടിയ ചിറയിന്‍കീഴില്‍ രമ്യയെ നിര്‍ത്താന്‍ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന ചില നേതാക്കള്‍ ചരടുവലിക്കുന്നതായാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. ഇത് മുളയിലേ നുള്ളാനാണ് ജില്ലയിലെ നേതാക്കളുടെ നീക്കം. കെ.പി.സി.സി ഭാരവാഹിയായ മണ്‍വിള രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ ദലിത് കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്‍റിനെ നേരില്‍ കണ്ട് രമ്യ വേണ്ടെന്ന് അറിയിച്ചു. ജില്ലയിലെ നേതാക്കള്‍ തന്നെ മല്‍സരിക്കണമെന്നാണ് അവരുടെ ആവശ്യം. സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്നില്ലെന്നും പ്രാദേശിക വികാരം മാനിക്കുമെന്നും സണ്ണി ജോസഫ് മറുപടി നല്‍കി.



