തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍. 17000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രം വരുത്തി. കേരളത്തിനുള്ള കേന്ദ്രവിഹിതം 60 ശതമാനമായി കുറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അതേ രീതിയില്‍ തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കേന്ദ്രവിഹിതത്തിലെ കുറവ് സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
‘കേരളത്തിന്റെ തനത് വരുമാനം വർദ്ധിച്ചു. പൊതു കടം കുറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം പണം നീക്കി വെച്ചു. സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. ഭൂരഹിത ഭവനരഹിത ലക്ഷ്യത്തിലേക്ക് കേരളം അടുക്കുന്നു. സംസ്ഥാനത്തെ കർമ്മ സമാധാനം സുരക്ഷിതമായ നിലയിലാണുള്ളത്. കേരളം സാമൂഹ്യസൗഹാർദ്ദത്തിന്റെ നാട്. മനുഷ്യ വന്യജീവി സംഘർഷത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമായാണ് കണക്കാക്കുന്നത്. ലൈഫ് മിഷനില്‍ പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നല്‍കി. എല്ലാ സ്കൂളുകളും മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റും.’. ഗവർണർ പ്രസംഗത്തിൽ വ്യക്തമാക്കി.



