കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് താരസംഘടനയുടെ ക്ലീൻചിറ്റ്. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ നടി കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാർക്ക് കൈമാറും. നിയമപരമായി മുന്നോട്ടുപോകില്ലെന്നും ‘അമ്മ’ ഭാരവാഹികൾ അറിയിച്ചു.
താരസംഘടനയിലെ വനിതാ അംഗങ്ങൾ നേരിട്ട പ്രശ്നങ്ങൾ വെളിപ്പെടുത്തിയത് ചിത്രീകരിച്ച മെമ്മറി കാർഡ് കാണാതായെന്നായിരുന്നു പരാതി.നടിമാരുടെ ദുരനുഭവം പറഞ്ഞ മെമ്മറികാര്‍ഡ് കൈയ്യില്‍ കരുതി കുക്കു മറ്റ് നടന്‍മാരെ വരുതിക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
കുക്കു പരമേശ്വരന്‍ സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇറങ്ങിയതിന് പിന്നാലെ നടി പൊന്നമ്മ ബാബുവാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ‘അമ്മ’യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് അന്ന് ഉയര്‍ന്ന ആരോപണങ്ങള്‍. ഈ സംഭവത്തിലാണ് കുക്കു പരമേശ്വരന് ‘അമ്മ’യുടെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് വന്നത്. എക്സിക്യൂട്ടീവ് യോഗത്തിനുശേഷം ‘അമ്മ’ പ്രസിഡൻറ് ശ്വേതാ മേനോനും ജോയി മാത്യുവുമാണ് മെമ്മറി കാര്‍ഡ് വിവാദത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതായി അറിയിച്ചത്.



