സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടേഴ്‌സ് അനിശ്ചിതകാല സമരത്തിലേക്ക്. മറ്റന്നാള്‍ മുതല്‍ അധ്യാപനം ബഹിഷ്‌കരിക്കുമെന്ന് കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍( കെജിഎംസിടിഎ) അറിയിച്ചു. ഫെബ്രുവരി 2 മുതല്‍ ഒപി ബഹിഷ്‌കരിക്കുമെന്നുമാണ് ഡോക്ടേഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നതെന്നാണ് ഡോക്ടേഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നാണ് കെജിഎംസിടിഎ ആരോപിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ച സംഘടനയുടെ പ്രതിനിധികളുമായി ആരോഗ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടന മുന്‍പ് നിശ്ചയിച്ച സമരം മാറ്റിവച്ചിരുന്നു. എന്നാല്‍ ഈ മാസം 18ന് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ തങ്ങള്‍ മുന്നോട്ടുവച്ച ഒരു ആവശ്യവും പരിഗണിച്ചില്ലെന്നതാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടേഴ്‌സിനെ സമരാഹ്വാനത്തില്‍ എത്തിച്ചിരിക്കുന്നത്.
ജനുവരി 22 മുതല്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപനം ബഹിഷ്‌കരിക്കുമെന്നാണ് കെജിഎംസിടിഎ അറിയിച്ചിരിക്കുന്നത്. അന്നേ ദിവസം തിരുവനന്തപുരം ഡിഎംഒ ഓഫിസിന് മുന്നിലും സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. ജനുവരി 27ന് സെക്രട്ടേറിയറ്റിന് മുന്നില്‍ 10 മണി മുതല്‍ വൈകീട്ട് ആറ് മണി വരെ പ്രതിഷേധിക്കും. ഫെബ്രുവരി 2 മുതല്‍ ഒപി ബഹിഷ്‌കരണത്തിലേക്ക് നീങ്ങും. ഫെബ്രുവരി 9 മുതല്‍ അടിയന്തര സാഹചര്യമില്ലാത്ത സര്‍ജറികള്‍ ബഹിഷ്‌കരിക്കും. ഫെബ്രുവരി 11 മുതല്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.



