തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണെന്ന ചാണ്ടി ഉമ്മൻ്റെ പരാമർശത്തിനെതിരെ കെ.ബി ഗണേഷ് കുമാർ. താൻ ഉമ്മൻചാണ്ടിയെ ചതിച്ചുവെന്ന് ഉമ്മൻചാണ്ടിപോലും പറഞ്ഞിട്ടില്ലെന്ന് ഗണേശ് കുമാർ. എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെങ്കിൽ അത് പറയാം. വായിൽ വിരൽ ഇട്ടാൽ കടിക്കും. മേലിൽ ഇത് പറയരുതെന്നും മന്ത്രി.
തനിക്കും കുറേ പറയാനുണ്ട്. ഉമ്മൻചാണ്ടിയാണ് തന്നെ ചതിച്ചത്. ഒരു കുടുംബ വഴക്കിന് മന്ത്രിയെ രാജിവെപ്പിച്ചു. തൻ്റെ രണ്ടു മക്കളെയും വേർപിരിച്ചത് ഉമ്മൻചാണ്ടിയാണ്. കാര്യങ്ങൾ പറയുമ്പോൾ അന്തസ്സ് വേണം. ഒരു കേസ് കൊട്ടാരക്കര കോടതിയിൽ കിടപ്പുണ്ട്. ഒരാൾ പോലും അതിൽ ഹാജരാവുന്നില്ല. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു മന്ത്രിസ്ഥാനം തരാം എന്ന് പറഞ്ഞിട്ട് എവിടെയെന്നും ചോദ്യം.
കൊടികുന്നിൽ സുരേഷിന് ഇതറിയാം. ഒരു ചതിയൻ ആണെങ്കിൽ കസേരയിൽ ഇരിക്കില്ലായിരുന്നു. അതിനുശേഷവും താൻ തെരഞ്ഞെടുപ്പ് ജയിച്ചു. പറയാൻ ഇറങ്ങിയാൽ കൂടി പോകും. ചാണ്ടി ഉമ്മൻ നിർത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. പത്തനാപുരത്ത് വികസനമുണ്ട് പുതുപ്പള്ളിയിൽ എന്തുണ്ടെന്നും ചോദ്യം. തലയിൽ തുണിയിട്ട് ഇന്നുവരെ വോട്ട് പിടിക്കാൻ പോയിട്ടില്ല. ആരോടും ജാതിയും മതവും ചോദിച്ചിട്ടില്ല. താൻ പത്തനാപുരത്ത് ജയിക്കുമോ എന്ന് നാട്ടുകാരോട് ചോദിക്കൂവെന്നും ഗണേഷ് കുമാർ.



