തമിഴ് സിനിമയിലെ പ്രശസ്ത ഗാനരചയിതാവാണ് വൈരമുത്തു. ഇദ്ദേഹത്തിന് നേരെ ചെരിപ്പെറിഞ്ഞ യുവതിയെ പോലീസ് ചോദ്യം ചെയ്തു. ജയ എന്ന യുവതിയാണ് ഗാനരചയിതാവിന് നേരെ ചെരിപ്പ് എറിഞ്ഞത്. തിരുപ്പൂരിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു കൊണ്ടില്ലെങ്കിലും സ്ഥലത്ത് നേരിയ സംഘർഷത്തിനു കാരണമായി.
തിരുപ്പൂർ കലക്ടറേറ്റിനു മുന്നിൽ വൈരമുത്തുവിനു നൽകിയ സ്വീകരണത്തിനിടയിലായിരുന്നു യുവതിയുടെ ചെരിപ്പേറ്. ജയ നൽകിയ പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്ന് കലക്ടറേറ്റിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിൽ അവിടെയെത്തിയ വൈരമുത്തുവിനെ സ്വീകരിക്കാൻ തടിച്ചുകൂടിയവർക്കിടയിലേക്കാണ് ചെരിപ്പ് എറിഞ്ഞത് എന്നാണ് പൊലീസ് ചോദ്യം ചെയ്തതിൽ നിന്നു മനസ്സിലായത്. വിശദമായ അന്വേഷണം നടത്തി വരികയാണ്.



