തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട വികസനത്തിൻ്റെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അന്താരാഷ്ട്ര ഭൂപടത്തിൽ വിഴിഞ്ഞം ഏറ്റവും നിർണായകമായ തുറമുഖമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ന് മുമ്പ് യുഡിഎഫ് കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായത് എൽഡിഎഫ് സർക്കാരിനാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
നാട് കേട്ടിരുന്ന പ്രധാന ആക്ഷേപം ഇവിടെ ഒന്നും നേരെ ചൊവ്വേ നടക്കില്ല എന്നായിരുന്നു. ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. അവർക്ക് മറുപടി നൽകിയത് ഇത് പോലുള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ തന്നെ വിഴിഞ്ഞം കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി മാറി കഴിഞ്ഞു. ചരക്ക് നീക്കത്തിന് മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു. ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ ലിപികളിൽ എഴുതപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഴ്‌സറി വിദ്യാർഥികൾക്ക് മുന്നിൽ വാളുകൊണ്ട് കഴുത്തറുക്കുന്ന ദൃശ്യാവിഷ്‌കാരം; കൊട്ടാരക്കര എംജിഎം ആർപി സ്‌കൂളിനെതിരെ പരാതി
മാരിടൈം മേഖലയിൽ കേരളത്തിന് നിർണായക സ്ഥാനമെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. കാലങ്ങളായി ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമായി നിലനിൽക്കുന്ന ഇടമാണ് കേരളം. രാജ്യത്തിന്റെ ലോജിസ്റ്റിക് മേഖലയിൽ കേരളം സുപ്രധാന പങ്കുവഹിക്കുന്നു. ഉദ്ഘാടനം ചെയ്തത് മുതൽ വിഴിഞ്ഞം മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. അന്താരാഷ്ട്ര പ്രാധാന്യമുള്ള ട്രാൻസ്ഷിപ്മെന്റ് ഹബ് ആയി വിഴിഞ്ഞം മാറി. കൊച്ചി വാട്ടർ മെട്രോ ഒരു ദേശീയ മാതൃകയാണ്. 2047ൽ രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്തുമ്പോൾ മാരിടൈം സെക്ടർ അതിൽ സുപ്രധാന പങ്കുവഹിക്കും. വിഴിഞ്ഞം തീരദേശ മേഖലയുടെ വികസനത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലും മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.
കാൽ നൂറ്റാണ്ടിൻ്റെ സ്വപ്നം പൂർത്തിയാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉമ്മൻ ചാണ്ടിയാണ് വിഴിഞ്ഞം ശിൽപി. റോഡ്, റെയിൽ കണക്ടിവിറ്റി വൈകി. മത്സ്യതൊഴിലാളികൾക്കുള്ള ഹാർബർ നിർമിച്ചില്ല. റിങ് റോഡ് പദ്ധതി തുടങ്ങിയതുപോലുമില്ല. ഇതെല്ലാം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൂർത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ 2028ൽ പൂർത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവർഷം 57 ലക്ഷം കണ്ടെയ്നറുകളായി വർധിക്കും. 28,000 TEU വരെ ശേഷിയുള്ള ലോകത്തിലെ അടുത്ത തലമുറ കപ്പലുകളെ സ്വീകരിക്കാൻ വിഴിഞ്ഞം സജ്ജമാവും. വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡും ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതോടെ റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിന് സാധിക്കും.



