തിരുവനന്തപുരം: ശശി തരൂരിന്‍റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അദ്ദേഹത്തിനെ പോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് മുരളീധരൻ പരിഹസിച്ചു.
ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലാണ്. ഏപ്രിൽ ഒന്നാം തിയതി മാത്രം പറയാനാകുന്ന കാര്യം. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാം. മഹാ പഞ്ചായത്തിൽ തരൂരിന്‍റെ പേര് പരാമർശിക്കാത്തതിൽ അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് എഴുതി നൽകിയ പേരുകളാണ് വായിച്ചത്. രാഹുൽ ഗാന്ധി മനഃപൂർവം പേര് ഒഴിവാക്കിയിട്ടില്ല. തരൂരിന് പ്രയാസം ഉണ്ടായാൽ ഗൗരവമായി പാർട്ടി കാണും. രണ്ടുദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിക്കും. അദ്ദേഹത്തിൻറെ പ്രയാസം പരിഹരിക്കും. ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്. തങ്ങൾക്കൊന്നും ഇത് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



