ലഖ്നൗ: ട്രെയിൻ വൈകിയതിനാൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ഉത്തർപ്രദേശിലെ ബസ്തി സ്വദേശിനിയായ വിദ്യാർഥി സമൃദ്ധിയുടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജില്ലാ ഉപഭോക്തൃ കമീഷൻ അനുകൂല വിധി നൽകിയത്. 45 ദിവസത്തിനകം റെയിൽവേ നഷ്ടപരിഹാരത്തുക നൽകണം. വീഴ്ചവരുത്തിയാൽ 12 ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. ബിഎസ്‌സി ബയോടെക്നോളജി പ്രവേശന പരീക്ഷയ്ക്ക് ലഖ്നൗവിലെ ജയ് നാരായൺ പിജി കോളേജിലായിരുന്നു സമൃദ്ധിക്ക് കേന്ദ്രം അനുവദിച്ചത്. ഒരു വർഷത്തെ കഠിനമായ തയ്യാറെടുപ്പിന് ശേഷമാണ് വിദ്യാർഥി പരീക്ഷയ്ക്ക് ഒരുങ്ങിയത്. രാവിലെ 11 മണിക്ക് ലഖ്നൗവിൽ എത്തേണ്ട ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ട്രെയിൻ രണ്ടര മണിക്കൂറോളം വൈകിയാണ് ലഖ്നൗവിൽ എത്തിയത്.
പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 12.30നകം റിപ്പോർട്ട് ചെയ്യണമായിരുന്നു. ട്രെയിൻ വൈകിയതുമൂലം പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് എത്താൻ കഴിയാത്തതിനാൽ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി. ഇതിനെത്തുടർന്നാണ് സമൃദ്ധി റെയിൽവേക്കെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.



