ന്യൂഡൽഹി : സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്ത സംബന്ധിച്ച് പറയാനുള്ളതെല്ലാം പാർട്ടി നേതൃത്വത്തോട് പറയുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. ‘‘പറയാനുള്ള വിഷയങ്ങളൊക്കെ പാർട്ടി നേതൃത്വത്തോട് പറയും. അവസരം വരുമെന്നതിൽ ഒരു സംശയവുമില്ല. പാർലമെന്റ് സമയത്ത് എല്ലാവരുമുണ്ടല്ലോ’’ – തരൂർ പറഞ്ഞു. ദുബായിൽനിന്ന് ഡൽഹിയിലെത്തിയതിനു പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു തരൂർ.
ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ടാണെന്നും തരൂർ വിശദീകരിച്ചു. ‘‘ഇന്നലെയോ അതിന്റെ തലേന്നോ ആയിരുന്നു അവർ എന്നെ ക്ഷണിച്ചത്. നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റ് അപ്പോഴേക്കും ബുക്ക് ചെയ്തിരുന്നു’’ – തരൂർ പറഞ്ഞു.



