മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ദേവസ്വം വിജിലൻസ് എസ്.പി യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിന് കൈമാറി. അതേസമയം പമ്പയിൽ മകരവിളക്ക് ദിനത്തിൽ ഉൾപ്പെടെ ഒരാഴ്ചയിലേറെ സിനിമാ ഷൂട്ടിങ് നടന്നതായി റിപ്പോർട്ടിലുണ്ട്. ഷൂട്ടിങിന് സംവിധായകൻ അനുരാജ് മനോഹറിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാക്കാൽ അനുമതി നൽകിയിരുന്നതായും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.
ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയുടെ ശ്രദ്ധയിലുമെത്തിക്കാനാണ് ദേവസ്വം ബോർഡ് ഭരണസമിതി തീരുമാനം. പമ്പയിൽ അനുമതിയില്ലാതെ സിനിമാ ഷൂട്ടിങ് നടത്തിയതിന് അനുരാജ് മനോഹറിനെതിരെ വനം വകുപ്പ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. വനത്തിൽ അതിക്രമിച്ച് കയറിയെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സിനിമാ ഷൂട്ടിങ്ങിന് തന്നോട് ഫോണിലൂടെ സംവിധായകൻ അനുമതി തേടിയിരുന്നുവെന്നും ഹൈക്കോടതിയുടെ നിയന്ത്രണങ്ങളുള്ളതിനാൽ അന്ന് തന്നെ അനുമതി നിഷേധിച്ചിരുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് നേരത്തെ വ്യക്തമാക്കിയിരുന്നു.



