കോട്ടയം: മുൻ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി. സാധാരണ കോൾ വഴിയും വാട്‌സ്ആപ്പ് ഓഡിയോ, വീഡിയോ കോൾ വഴിയുമാണ് തട്ടിപ്പുകാർ തിരുവഞ്ചൂരിനെ ബന്ധപ്പെട്ടത്. മുംബൈ പൊലീസ് എന്ന വ്യാജേനയായിരുന്നു തട്ടിപ്പ് ശ്രമം.
സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മുംബൈയിൽ രജിസ്റ്റർ ചെയ്‌തൊരു കേസിൽ തിരുവഞ്ചൂരിന്റെ ആധാർ കാർഡ് നമ്പരും ഫോൺ നമ്പരും ഉപയോഗിച്ച് ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നത് എന്നുമായിരുന്നു വിളിച്ചവർ പറഞ്ഞത്.
എന്നാൽ വിളിച്ചപ്പോൾ തന്നെ തട്ടിപ്പാണെന്ന് വ്യക്തമായതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മീഡിയവണിനോട് പ്രതികരിച്ചു. അവർ പറഞ്ഞത് കേട്ടപ്പോഴേ തട്ടിപ്പാണെന്ന് മനസിലായെന്നും ഹിന്ദിയും ഇംഗ്ലീഷും കലർന്ന സംസാരമായിരുന്നെന്നും ഇനിയുമിത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് പരാതി നൽകിയതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി



