ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞു. ഇന്ത്യ-ചൈന വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ പ്രസംഗം തടഞ്ഞത്. സ്പീക്കറുടെ ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോര്‍, അമരീന്ദര്‍ സിങ് രാജാ വാറിങ്, ഗുര്‍ദീപ് സിങ് ഓജ്‌ല, പ്രശാന്ത് പഡോലെ, കിരണ്‍ കുമാര്‍ റെഡ്ഡി, എസ്. വെങ്കട്ടരാമന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റ് എംപിമാര്‍.
മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയതോടെ ഭരണപക്ഷം എതിര്‍പ്പുമായി ശബ്ദമുയര്‍ത്തി. ഇതോടെ സ്പീക്കര്‍ പ്രസംഗം തടയുകയായിരുന്നു. നരവനെയുടെ ലേഖനം വായിക്കാന്‍ തനിക്ക് അനുവാദം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍, പറഞ്ഞ കാര്യം രാഹുലിന് ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. വിഷയത്തില്‍ ഇന്നലെ തന്നെ സ്പീക്കറുടെ റൂളിങ് ഉണ്ടായിരുന്നതായും റിജിജു പറഞ്ഞു.



