കൊല്‍ക്കത്ത: വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചതിനെ തുടര്‍ന്ന് കാഠ്മണ്ഡു-ഇസ്താംബുൾ ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാന്‍ഡിങ്.
ടർക്കിഷ് 727 വിമാനമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ(എന്‍എസ്‌സിബിഐ) ഇന്ന് ഉച്ചകഴിഞ്ഞ് 2.49തോടെ ഇറക്കിയത്. വിമാനത്തിന്റെ വലത് എഞ്ചിനിൽ തീപടർന്നുവെന്ന് കാണിച്ചാണ് അടിയന്തര ലാൻഡിങ്ങിന് പൈലറ്റ് അനുമതി തേടിയത്. വിവരം കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയായിരുന്നു.
236 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നിലവിൽ കൊൽക്കത്ത വിമാനത്താവളത്തിലാണെന്നും പരിശോധന നടത്തിവരികയാണെന്നും എൻഎസ്‌സിബിഐ എയർപോർട്ട് ഡയറക്ടർ അറിയിച്ചു. വിമാനം പറന്നുയർന്ന് നാല് മിനിറ്റിനുള്ളിൽ തന്നെ തീപിടിക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1:28നാണ് വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്.



