തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ ഫെനി നൈനാനെതിരെ പരാതിയുമായി അതിജീവിത. സൈബര്‍ ആക്രമണവും അധിക്ഷേപവും ആരോപിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിക്കാണ് പരാതി നല്‍കിയത്.
രാഹുലിനെതിരായ കേസ് നടന്നുകൊണ്ടിരിക്കെ അടുത്ത സുഹൃത്തായ ഫെനി നൈനാന്‍ നിരന്തരമായ സൈബര്‍ ആക്രമണം നടത്തിയിരുന്നു. കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞ് നിരന്തരമായ സൈബർ ബുള്ളിയിങ്, ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് വരെ എത്തിയതോടെയാണ് പരാതി നൽകുന്നതെന്ന് അതിജീവിത വ്യക്തമാക്കി.
ഗുരുതരമായ വിഷയമാണെന്നും അടിയന്തരമായി ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അതിജീവിതയുടെ പരാതി. ഇമെയിൽ മുഖേനയാണ് ദീപാ ദാസ് മുൻഷിക്ക് പരാതി കൈമാറിയത്. അതിജീവിതയുടെ വാട്ട്‌സ്ആപ്പ് ചാറ്റടക്കം സ്വകാര്യവിവരങ്ങള്‍ പുറത്തുവിട്ടെന്ന പരാതിയില്‍ നേരത്തെ ഫെനി നൈനാനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.



