കൊല്ലം: എയിംസ് കിട്ടാന്‍ കേരളം ഒന്നും ചെയ്തില്ലെന്ന ആരോപണം ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സാധ്യതയുള്ള നാല് സ്ഥലങ്ങള്‍ സംസ്ഥാനം കണ്ടെത്തി നല്‍കണമെന്നും എയിംസ് ആലപ്പുഴയില്‍ വരണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ എയിംസ് വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും 2026ല്‍ തന്നെ വരുമെന്ന് താന്‍ പറഞ്ഞോയെന്നും സുരേഷ് ഗോപി ചോദിച്ചു.
‘ആലപ്പുഴയില്‍ എയിംസ് വരണമെന്നത് 2015 മുതലുള്ള എന്റെ നിലപാടാണ്. അന്ന് ഞാന്‍ എംപിയൊന്നും ആയിരുന്നില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് എന്ന സ്വപ്നതുല്യമായ പദ്ധതി കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. 2016ലാണ് ഇത് പ്രഖ്യാപിക്കുന്നത്. ആലപ്പുഴ പോലെ എല്ലാ അര്‍ഥത്തിലും അധ:പതിച്ചുകിടക്കുന്ന ഒരു ജില്ലയില്‍ എയിംസ് വേണമെന്ന് അന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്. അതിന് മതിയായ കാരണങ്ങളും ഉണ്ടായിരുന്നു. അന്നത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കിലും ആലപ്പുഴയില്‍ സ്ഥലം തന്നില്ലെങ്കില്‍ തീര്‍ച്ചയായും തൃശൂരില്‍ എയിംസ് കൊണ്ടുവന്നിരിക്കും. കേരളത്തില്‍ എയിംസ് വരുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ, 2026ല്‍ വരുമെന്ന് ഞാന്‍ പറഞ്ഞോ? മറ്റെല്ലാവരെയും പോലെ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വികസനത്തെ ഓര്‍ത്തെടുക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ക്കിനിയും സമയമുണ്ട്. 2027ലോ 28ലോ ഞങ്ങളത് സാധ്യമാക്കും’ -സുരേഷ് ഗോപി പറഞ്ഞു.



