റാഞ്ചി: ഫോളോവേഴ്സിനെ കിട്ടാത്തതിൽ പ്രകോപിതനായ യൂട്യൂബര് വീട്ടിലെ 10 ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റുഡിയോക്ക് തീയിട്ടു. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം. പൊലീസും അയൽവാസികളും ചേര്ന്ന് കുടുംബത്തെ രക്ഷപ്പെടുത്തിയെങ്കിലും സ്റ്റുഡിയോയും ഉപകരണങ്ങളും കത്തിനശിച്ചു. വിധായക് പ്രജാപതി(27) എന്ന യുവാവാണ് സ്വന്തം സ്റ്റുഡിയോക്ക് തീയിട്ടത്.
വിധായക് സ്വന്തം വീട്ടിൽ ഫിലിം എഡിറ്റിംഗ്, ഡിജിറ്റൽ വർക്ക് സ്റ്റുഡിയോ നടത്തിയിരുന്നു.യൂട്യൂബിൽ വൈറലാകാമെന്ന് പ്രതീക്ഷയിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്റ്റുഡിയോ നിര്മിക്കുന്നതിനായി തന്റെ പൂര്വിക സ്വത്ത് വിറ്റതായി അയൽവാസികൾ പറയുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഫോളോവേഴ്സ് കൂടാത്തതിനാൽ വിധായക് നിരാശനായിരുന്നു. കടുത്ത വിഷാദത്തിലായ യുവാവ് കഴിഞ്ഞ ഒരാഴ്ചയായി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് അയൽവാസിയും മുൻ ഗ്രാമത്തലവനുമായ പ്രകാശ് കുമാർ അരുൺ പറഞ്ഞു



