ഗുവാഹത്തി: രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽനിന്ന് മാത്രമല്ല, അടുത്ത അഞ്ചുവർഷത്തിനകം ഇന്ത്യയിൽനിന്നുതന്നെ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസം പോലീസ് പത്താം ബറ്റാലിയന്റെ പുതിയ കാമ്പസിന്റെ ശിലാസ്ഥാപന ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് നക്‌സൽ വിമുക്തമാകാമെങ്കിൽ അനധികൃത കുടിയേറ്റക്കാരിൽനിന്നും മുക്തമാകാവുന്നതേയുള്ളൂ എന്നും അമിത് ഷാ പറഞ്ഞു.
അതിക്രമിച്ചു കയറിയവർ അനധികൃതമായി കൈവശംവെച്ചിരുന്ന ഭൂമിയിലാണ് പത്താം ബറ്റാലിയന്റെ പുതിയ കാമ്പസ് ഉയരുകയെന്നും അമിത് ഷാ പറഞ്ഞു. അനധികൃതമായി കൈവശംവെച്ചിരിക്കുനന്ന ഭൂമിയിൽനിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കുക മാത്രം പോരാ, അവരെ ഇന്ത്യയിൽനിന്ന് പുറത്താക്കുകയും വേണം.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ‘ഒരിക്കൽ രാഹുൽ പറഞ്ഞു, നുഴഞ്ഞുകയറ്റക്കാരെ നീക്കംചെയ്യുമെന്ന്. എന്നാൽ കോൺഗ്രസിന് അത് ചെയ്യാൻ സാധിക്കില്ല. കാരണം അനധികൃത കുടിയേറ്റക്കാർ അവരുടെ വോട്ട് ബാങ്കാണ്.’- അമിത് ഷാ പറഞ്ഞു.



