Sunday, February 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡിജിറ്റൽ അറസ്റ്റ് ഉൾപ്പടെ വർധിച്ചുവരുന്ന തട്ടിപ്പുകളെ കുറിച്ച് സംവദിച്ച് പ്രധാനമന്ത്രി

ഡിജിറ്റൽ അറസ്റ്റ് ഉൾപ്പടെ വർധിച്ചുവരുന്ന തട്ടിപ്പുകളെ കുറിച്ച് സംവദിച്ച് പ്രധാനമന്ത്രി

ഡിജിറ്റൽ അറസ്റ്റ് ഉൾപ്പടെ വർധിച്ചുവരുന്ന തട്ടിപ്പുകളെ കുറിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ ശ്രദ്ധയോടെയിരിക്കണമെന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ സ്ഥിരീകരിക്കാൻ കെവൈസി പ്രയോജനപ്പെടുത്തണമെന്നും മോദി പറഞ്ഞു.

‘മൻ കി ബാത്തിൽ ഡിജിറ്റൽ അറസ്റ്റിനെക്കുറിച്ച് ഞാൻ നിങ്ങളോട് വിശദമായി സംസാരിച്ചിട്ടുണ്ട്. ഇതിനുശേഷം, ഡിജിറ്റൽ അറസ്റ്റിനെയും ഡിജിറ്റൽ തട്ടിപ്പിനെയും കുറിച്ച് നമ്മുടെ സമൂഹത്തിൽ വളരെയധികം അവബോധം സൃഷ്ടിക്കപ്പെട്ടു, എന്നിരുന്നാലും ഇത്തരം സംഭവങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ‘-പ്രധാനമന്ത്രി മോദി പറഞ്ഞു.

കെ.വൈ.സി. പുതുക്കലുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ കോളുകളോ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അക്കൗണ്ട് സുരക്ഷ ഉറപ്പാക്കുന്നതിനായി ബാങ്കുകൾ കൃത്യമായ ഇടവേളകളിൽ എങ്ങനെയാണ് റീ-കെ.വൈ.സി. നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

‘കെ.വൈ.സി. – നോ യുവർ കസ്റ്റമർ എന്ന പ്രക്രിയയെക്കുറിച്ച് നിങ്ങൾക്കെല്ലാം അറിവുണ്ടാകും. കെ.വൈ.സി. അല്ലെങ്കിൽ റീ-കെ.വൈ.സി. ചെയ്യാൻ ആവശ്യപ്പെട്ട് നിങ്ങളുടെ ബാങ്കിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുമ്പോൾ, നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയർന്നേക്കാം, ഞാൻ നേരത്തെ തന്നെ കെ.വൈ.സി. ചെയ്തതാണ്, പിന്നെ എന്തിനാണ് ഇതെന്ന്? നിങ്ങൾ പരിഭ്രാന്തരാകരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഇത് നിങ്ങളുടെ പണത്തിന്റെ സുരക്ഷയ്ക്കായി മാത്രമുള്ളതാണ്. പെൻഷൻ, സബ്സിഡി, ഇൻഷുറൻസ്, യു.പി.ഐ. തുടങ്ങി എല്ലാം ഇന്ന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ടാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ബാങ്കുകൾ കൃത്യമായ ഇടവേളകളിൽ റീ-കെ.വൈ.സി. നടത്തുന്നത്. പ്രധാനമന്ത്രി പറഞ്ഞു.

കുറ്റവാളികളിൽ നിന്നുള്ള വ്യാജ കോളുകൾ, എംഎംഎസുകൾ, ലിങ്കുകൾ എന്നിവയോടും ജാഗ്രത പാലിക്കണം, അത്തരം തട്ടിപ്പുകാരുടെ ഇരകളാകരുത്. കെവൈസിയും, റി-കെവൈസിയും ബാങ്ക് ശാഖ, അംഗീകൃത ആപ്പ്, അംഗീകൃത മാധ്യമങ്ങൾ എന്നിവയിലൂടെ മാത്രമേ ചെയ്യാവൂ. ഒ.ടി.പി., ആധാർ നമ്പർ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആരോടും പങ്കുവെക്കരുത്. കാലാകാലങ്ങളിൽ നിങ്ങളുടെ പാസ്വേഡ് മാറ്റിക്കൊണ്ടിരിക്കുക എന്നത് പ്രധാനമാണ്. ഓരോ സീസണിലും ഭക്ഷണവും വസ്ത്രവും മാറുന്നതുപോലെ, കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ പാസ്വേഡ് മാറ്റുന്നത് ഒരു ശീലമാക്കുക- മോദി പറഞ്ഞു.

ആർ.ബി.ഐ.യുടെ സാമ്പത്തിക സാക്ഷരതാ വാരത്തെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, സാമ്പത്തിക അവബോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു. ഈ സാമ്പത്തിക സാക്ഷരതാ പ്രചാരണം ഇനി വർഷം മുഴുവൻ തുടരുമെന്നും അതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സന്ദേശം ശ്രദ്ധിക്കുകയും നിങ്ങളുടെ കെ.വൈ.സി. പുതുക്കി വെക്കുകയും ചെയ്യണമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

361,000 സൈബർ തട്ടിപ്പ് പരാതികളിലൂടെ സർക്കാർ 8,189 കോടി രൂപ വിജയകരമായി സംരക്ഷിച്ചുവെന്നാണ് ഈ മാസം ആദ്യം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെളിപ്പെടുത്തിയത്. കണക്കുകൾ പ്രകാരം മൊത്തം തട്ടിപ്പ് തുക ഏകദേശം 20,000 കോടി രൂപയായിരുന്നു. അതിൽ 8,189 കോടി രൂപ മരവിപ്പിക്കുകയോ ഇരകൾക്ക് തിരികെ നൽകുകയോ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തിന് ഐ.4.സി., സി.ബി.ഐ. എന്നിവയെയും ബന്ധപ്പെട്ട് പ്രവർത്തിച്ച അനുബന്ധ സംഘടനകളെയും അദ്ദേഹം അഭിനന്ദിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments