തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗികളെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്തിക്കേണ്ടത് ആരുടെ ആവശ്യമാണെന്ന് മന്ത്രി ചോദിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിക്കണമെന്നാണ് ചിലരുടെ ലക്ഷ്യമെന്നും സ്വകാര്യ ആഗോള കുത്തകകള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ അടിയറ വെയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യരംഗത്ത് സമീപകാലത്തുണ്ടായ ക്രമക്കേടുകൾ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
‘ആരോഗ്യസംവിധാനത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. കേരളത്തില്‍ ചികിത്സാചിലവുകള്‍ കുറയുന്നുണ്ട്. എന്നിട്ടും കേരളത്തിന്റെ ആരോഗ്യരംഗം തകര്‍ന്നുവെന്നാണ് പറയുന്നത്. രോഗികളെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്തിക്കേണ്ടത് ആരുടെ ആവശ്യമാണ്? ഈ ചോദ്യങ്ങളുടെ ഉത്തരം വളരെ വ്യക്തമാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിക്കണമെന്നാണ് അവരുടെ ലക്ഷ്യം. സ്വകാര്യ ആഗോള കുത്തകള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ ആരോഗ്യരംഗം അടിയറവയ്ക്കില്ല’. വീണ ജോര്‍ജ് പറഞ്ഞു.
ആര്‍സിസിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ആരോഗ്യമന്ത്രി സംസാരിച്ചത്. ചടങ്ങില്‍ 242 കോടി രൂപ ചെലവില്‍ നിര്‍മിച്ച അത്യാധുനിക ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.



